കോൽക്കത്ത: കോൽക്കത്തയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ പ്രതിമ നീക്കം ചെയ്തു. കഴിഞ്ഞ വർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ബംഗാൾ പൊതുമരാമത്ത് ഇളക്കി മാറ്റിയത്. ഫൈബർ ഗ്ലാസിലും ഇരുമ്പിലും തീർത്ത ഈ പ്രതിമ കാറ്റിൽ അപകടകരമായ രീതിയിൽ ആടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ വർഷം ഡിസംബർ 13- ന്, മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഫുട്ബോൾ പ്രേമികൾ നഗരത്തിൽ ഈ പ്രതിമ സ്ഥാപിച്ചത്. മെയ് 25- ന് പ്രതിമ കാറ്റിൽ ആടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതിമയുടെ ഘടനയ്ക്ക് ഗുരുതരമായ ബലക്ഷയം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന്, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിമ ഉടനടി നീക്കം ചെയ്യാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അധികൃതർ ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ച മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും കനത്ത നൈലോൺ കയറുകൾ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം ആകുംവരെ പ്രതിമ പൊതുമരാമത്ത് സൂക്ഷിക്കും.